മലയാലപ്പുഴ: വര്‍ണ്ണക്കുടകള്‍ ഒന്നിനു പിറകെ ഒന്നായി വിടര്‍ത്തി സൃഷ്ടിച്ച വര്‍ണ്ണരാജിയും പാണ്ടിമേളത്തിന്റെ പെരുക്കവും ചേര്‍ത്ത് മലയാലപ്പുഴ പൂരം ദൃശ്യവിസ്മയമായി. ദേവീക്ഷേത്രത്തിലെ ആറാം ഉത്സവദിവസമായ ചൊവ്വാഴ്ച വൈകീട്ടാണ് മലയാലപ്പുഴ പൂരം നടന്നത്.നല്ലൂര്‍കര വകയായിരുന്നു പൂരക്കാഴ്ച. പൂരത്തില്‍ പങ്കെടുക്കുന്ന അഞ്ച് ആനകളായ കുന്നത്തൂര്‍ രാമു, മയ്യനാട് പ്രണവം, മാവേലിക്കര കാശിനാഥന്‍, ചെമ്മാരപ്പള്ളി മാണിക്യം, തിരുവല്ല ജയരാജന്‍ എന്നിവര്‍ ക്ഷേത്രത്തിന്റെ കിഴക്കെ മൈതാനിയില്‍ ശ്രീകോവിലിന് അഭിമുഖമായി അണിനിരന്നു. കുന്നത്തൂര്‍ രാമു ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരപ്പടിയിലെത്തി തിടമ്പ്ഏറ്റി. മറ്റ് ആനകള്‍ രണ്ടുവീതം ഇടത്തും വലത്തും നിന്നു. ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരിപ്പാട് പൂരവിളക്കില്‍ ദീപം തെളിച്ചു.ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ വി.എസ്. ഹരിഷ്ചന്ദ്രന്‍, ഡോ. അനില്‍കുമാര്‍,മലയാലപ്പുഴ ദേവസ്വം മാനേജര്‍ ജയശ്രീ എന്നിവര്‍ പങ്കെടുത്തു. ഗുരുവായൂര്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ 50 പേര്‍ പങ്കെടുത്ത പാണ്ടിമേളം പൂരവിരുന്നിന് താളക്കൊഴുപ്പേകി. മേളത്തിന്റെ ഒന്നാംകാലം പൂര്‍ത്തിയതോടെ കുടമാറ്റവും തുടങ്ങി. നിറത്തിലും രൂപത്തിലും വൈവിദ്ധ്യം പുലര്‍ത്തിയ 50കുടകളാണ് മാനത്ത് മാറിയത്. പാറമേക്കാവ് പൂരസമിതിയാണ് കുടമാറ്റം അവതരിപ്പിച്ചത്. പാണ്ടിമേളക്കാരെ പുഷ്പവൃഷ്ടിനടത്തി ആദരിക്കാനും നല്ലൂര്‍കരക്കാര്‍ മറന്നില്ല. ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്‌ക്വാഡ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നത് ശ്രദ്ധിക്കാന്‍ കോന്നിയില്‍നിന്ന് വനപാലകരുംഎത്തിയിരുന്നു.മലയാലപ്പുഴയുടെ ഹരമായ ക്ഷേത്രത്തിലെ ആന മലയാലപ്പുഴ രാജന്‍ പൂരത്തിന് ഇല്ലാത്തത് പലര്‍ക്കും വിഷമം ഉണ്ടാക്കി. മദപ്പാട് കാരണംതളച്ചിരിക്കുകയാണ്.
No comments:
Post a Comment