പത്തനംതിട്ട: ചെങ്ങറ സമരഭൂമി അടക്കമുളള തോട്ടങ്ങള്‍ പണയപ്പെടുത്തി വിവിധ ബാങ്കുകളില്‍നിന്ന് 100 കോടിയിലധികം രൂപ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വായ്‌പയെടുത്തതു സാധൂകരിച്ച് രേഖകള്‍. പാട്ടക്കാലാവധി കഴിഞ്ഞ മലയാലപ്പുഴ ചെങ്ങറ തോട്ടം പണയപ്പെടുത്തിയണ് 40 കോടി രൂപ എടുത്തിട്ടുളളത്. കൈവശം വച്ചിട്ടുള്ള പാട്ടഭൂമി വില്‍ക്കുന്നതും പണയപ്പെടുത്തുന്നതും റവന്യൂവകുപ്പ് തടഞ്ഞതിനെ അവഗണിച്ചാണിത്.
ഇതുസംബന്ധിച്ചു മാധ്യമങ്ങളില്‍ മുമ്പു വാര്‍ത്ത വന്നപ്പോള്‍ ഹാരിസണ്‍ നിഷേധിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ 2012-13 കാലത്തെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ട് മാസങ്ങളായെങ്കിലും ഹാരിസണോട് അധികൃതര്‍ വിശദീകരണം തേടിയിട്ടുമില്ല.
ളാഹ, നാഗമല, മേഫീല്‍ഡ്, അച്ചൂര്‍, അരപ്പറ്റ, പന്നിയാര്‍, എന്നിവിടങ്ങളിലെ റബര്‍, തേയില തോട്ടങ്ങളിലെ വിളകളും പണയപ്പെടുത്തിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, എന്നിവയാണ് ഹാരിസണിന് വായ്‌പകള്‍ നല്‍കിയിട്ടുള്ളത്. കമ്പനിയുടെ ആധാരങ്ങള്‍ വ്യാജമാണെന്നു വ്യക്‌തമായിട്ടും ബാങ്കുകള്‍ കോടികള്‍ വായ്‌പയായി അനുവദിച്ചതിന് പിന്നിലും ദുരൂഹതയുണ്ട്.
കമ്പനിയുടെ 12 വര്‍ഷത്തെ സാമ്പത്തിക സ്‌ഥിതി വിവരക്കണക്കില്‍ ഒരിടത്തും കമ്പനി ഭൂമി വില്‍പന വഴിനേടിയ കോടികളുടെ വരുമാനം ഉള്‍പ്പെടുത്തിയിട്ടില്ല. കമ്പനിയുടെ സ്‌ഥാവര വസ്‌തുക്കളുടെ കണക്കിലും ഭൂമി വില്‍പന നടന്നതായി സൂചനയില്ല. വിറ്റ ഭൂമിയുടെ അളവ് സ്‌ഥാവര വസ്‌തുക്കളുടെ കണക്കില്‍ കുറച്ചിട്ടില്ല.
ലാഭവിഹിതവിതരണം നടത്തിയതില്‍ 95 ലക്ഷം രൂപ വിദേശ കറന്‍സി ആയാണു നല്‍കിയതെന്നു വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്നും വ്യക്‌തമാണ്. 1973 മുതല്‍ കമ്പനി ഇതേ രീതിയില്‍ ലാഭവിഹിതം നല്‍കിവരുന്നു.
വിദേശനാണ്യവിനിമയച്ചട്ടം(ഫെറ) ലംഘിച്ചു കമ്പനി കോടികള്‍ വിദേശത്തേക്കു കടത്തിയെന്നതിനു തെളിവാണിത്. കമ്പനിക്ക് വിദേശ ഓഹരി പങ്കാളിത്തമുണ്ടെന്നും വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. ഭൂമിയുടെ കാര്യത്തില്‍ വിദേശകമ്പനികള്‍ക്ക് ഓഹരി പങ്കാളിത്തം പാടില്ലെന്ന് ഫെറാ നിയമം വ്യക്‌തമാക്കുന്നുണ്ട്.
കമ്പനിയുടെ ഓഹരി ഉടമകളുടെ പട്ടികയില്‍ 50.31 ശതമാനം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡിനും ലണ്ടന്‍ കമ്പനിയായ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡിനുമാണ്. ഇതില്‍ വിദേശ കമ്പനിയായ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡിന് പങ്കാളിത്തം എത്രയെന്നു വ്യക്‌തമല്ല. നിലവിലുളള 59,000 ഏക്കര്‍ ഭൂമിയുടെ ഉടമസ്‌ഥാവകാശം ഇപ്പോഴും ലണ്ടന്‍ കമ്പനിയുടെ പേരിലാണ്.
ഭൂമി നിയമപ്രകാരം ഇന്ത്യന്‍ കമ്പനിയായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡിന്റെ പേരിലേക്ക് മാറ്റിയിട്ടുമില്ല. ഹാരിസണ്‍ ഇപ്പോഴും ലണ്ടന്‍ കമ്പനിയുടെ പേരിലാണ് കരം അടയ്‌ക്കുന്നത്. പേരിലെ സമാനതകള്‍കൊണ്ട് ഇതു കണ്ടെത്താന്‍ കഴിയുന്നില്ലെന്നുളളതാണു യഥാര്‍ഥ കാര്യം.
കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സ്‌റ്റെല്‍ ഇന്ത്യാ എന്ന കമ്പനിയിലും ലണ്ടന്‍ കമ്പനിയായ മലയാളം പ്ലാന്റേഷന്‍സിന് ഓഹരി പങ്കാളിത്തമുണ്ട്. ഹാരിസണ്‍സിന്റേയും സ്‌റ്റെല്ലിന്റെയും ഇന്ത്യയിലെ ഉടമയെന്നറിയപ്പെടുന്ന സജീവ് ഗോയങ്കയ്‌ക്ക് ലണ്ടനിലെ മലയാളം പ്ലാന്റേഷന്‍സ് ഹോള്‍ഡിംഗിന്റെ ഓഹരി പാങ്കാളിത്തവും ഡയറക്‌ടര്‍ ബോര്‍ഡംഗത്വവും ഉണ്ട്.
1983 മുതല്‍ ആദായനികുതി ഇനത്തില്‍ മൂന്നുകോടിയില്‍പരം രൂപ കമ്പനി അടയ്‌ക്കാനുണ്ട്. അഞ്ചുകോടിയോളം രൂപ കാര്‍ഷിക നികുതിയിനത്തില്‍ കുടിശികയുണ്ടെന്നും വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതു യഥാര്‍ഥ കണക്കല്ലെന്ന ആരോപണം ശക്‌തമാണ്. മൂന്നു പതിറ്റാണ്ടായുള്ള കുടിശിക ആയതിനാല്‍ പലിശയും കുട്ടുപലിശയും ചേര്‍ത്തു നിലവിലെ കുടിശിക 100 കോടിയിലേറെവരും.
No comments:
Post a Comment